International
സീയൂൾ: വിവാദ പരസ്യത്തിൽ യുഎസ് പ്രസിഡന്റ് ട്രംപിനോട് മാപ്പു ചോദിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ദക്ഷിണകൊറിയയിൽ അറിയിച്ചു. ബുധനാഴ്ച ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുംഗ് നല്കിയ അത്താഴവിരുന്നിനിടെ സ്വകാര്യമായി മാപ്പു ചോദിക്കുകയായിരുന്നുവെന്നു കാർണി പറഞ്ഞു.
ട്രംപിന്റെ ചുങ്കപ്രഖ്യാപനങ്ങളെ വിമർശിക്കുന്ന വീഡിയോ പരസ്യം കാനഡയിലെ ഒന്റാരിയോ പ്രവിശ്യാ സർക്കാരാണു പുറത്തിറക്കിയത്. ചുങ്കം ചുമത്തുന്നത് വാണിജ്യ യുദ്ധങ്ങൾക്കും സാന്പത്തിക തകർച്ചയ്ക്കും വഴിവയ്ക്കുമെന്ന് മുൻ യുഎസ് പ്രസിഡന്റ് റോണൾഡ് റീഗൻ പറയുന്ന വാക്കുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
പരസ്യത്തിൽ കുപിതനായ ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയും കൂടുതൽ ചുങ്കങ്ങൾ ചുമത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഒന്റാരിയോ സർക്കാർ പരസ്യം പിൻവലിച്ചു.
ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കായി ദക്ഷിണകൊറിയയിലെത്തിയ മാർക്ക് കാർണി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായെന്നും പറഞ്ഞു.
International
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ എത്തിയാൽ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
ബ്ലൂംബെർഗിന്റെ "ദി മിഷാൽ ഹുസൈൻ ഷോ'യിൽ മിഷാൽ ഹുസൈനുമായുള്ള അഭിമുഖത്തിനിടെയാണ് കാർണി ഈ പ്രസ്താവന നടത്തിയത്. ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരവും കാർണി നൽകി.
ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാൻ കാനഡയ്ക്ക് ബാധ്യതയുണ്ടെന്നും കാർണി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.